എന്‍റെ ബ്ലോഗ്‌

വഴിയമ്പലത്തില്‍ വഴി തെറ്റി വന്നു, ഞാനൊരു വാനമ്പാടി...

23 October, 2012

എയര്‍ ഇന്ത്യയും ഇന്ത്യാക്കാരും


കഴിഞ്ഞയാഴ്ച്ച നാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഗള്‍ഫ്‌ പ്രവാസികളോടുള്ള എയര്‍ ഇന്ത്യയുടെ ക്രൂരതയുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകള്‍.. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്‍റെ അബുദാബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കുകയും അവിടെ നിന്നും റോഡ്‌ മാര്‍ഗ്ഗം കൊച്ചിയിലെത്തിക്കാമെന്നുമുള്ള അധികൃതരുടെ വാഗ്ദാനവും അതിനെതിരെ പ്രതികരിച്ച യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവവും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് എയര്‍ ഇന്ത്യയുടെ തന്നെ ബഹറിന്‍--കരിപ്പൂര്‍ വിമാനവും യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചു കൊണ്ട് നാട്ടില്‍ ലാന്‍ഡ്‌ ചെയ്തത്.
യാത്രക്കാരുടെ 'സമയോചിത' ഇടപെടല്‍ കാരണം, ഉദ്ദേശിച്ച എയര്‍പോര്‍ട്ടില്‍ തന്നെ ഇറങ്ങാന്‍ വൈകിയാണെങ്കിലും യാത്രക്കാര്‍ക്ക് കഴിഞ്ഞു എന്ന് ആശ്വസിക്കാമെങ്കിലും, യഥാര്‍ത്തത്തില്‍ യാത്രക്കാരുടെ പ്രതിഷേധവും പ്രതികരണവും വലിയൊരു നിയമക്കുരുക്കിലേക്കാണ് അവരെ നയിച്ചതെന്ന് കാണാന്‍ കഴിയും. തീര്‍ച്ചയായും എയര്‍ ഇന്ത്യയുടെ ഈ ക്രൂരതകള്‍ക്കെതിരെ യാത്രക്കാര്‍ പ്രതികരിക്കേണ്ടിയിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, പ്രതികരിച്ച രീതി ശരിയായിരുന്നോ എന്ന് നാം ഓരോരുത്തരും വിലയിരുത്തേണ്ടിയിരിക്കുന്നു.
ഇടത്തരക്കാരും പാവങ്ങളുമായ ഗള്‍ഫ്‌ പ്രവാസികളായ പൌരന്മാരോടുള്ള ദേശീയ വിമാനക്കമ്പനിയുടെ ക്രൂരത അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും, പ്രതിഷേധങ്ങളും, പ്രതികരണങ്ങളും തുടങ്ങിയിട്ട് കാലമേറെയായി. എന്നിട്ടും, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്തു കൊണ്ടാണ് നമ്മുടെ പ്രതിഷേധങ്ങള്‍ക്ക് ഫലം കിട്ടാതിരിക്കുന്നത്? ഈയൊരു ചോദ്യത്തിന് നമ്മളില്‍ പലര്‍ക്കും കുറെ ഉത്തരങ്ങള്‍ നിരത്താനുണ്ടാകും.
വിമാനത്തിനകത്തിരുന്നു പ്രതിഷേധിച്ചു, ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി, ഒരു ന്യൂനപക്ഷമെങ്കിലും എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിച്ച് മറ്റു വിമാനക്കമ്പനികളില്‍ യാത്ര ചെയ്തു. പക്ഷെ ഇത്തരം പ്രതികരണങ്ങളൊക്കെ കഴുതക്കാമം പോലെ നിസ്സാരമായി അവഗണിച്ചു മുന്നോട്ടു പോകുകയാണ് എയര്‍ ഇന്ത്യ. ഇവിടെയാണ്‌, യാത്രക്കാരനായ ഉപഭോക്താവിനെ ക്രൂശിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ നിയമപരമായ വഴികള്‍ തേടാന്‍ പ്രവാസികള്‍ മുന്നോട്ടു വരേണ്ടതിന്‍റെ ആവശ്യകതയ്ക്ക് പ്രസക്തിയേറുന്നത്.
യാത്രക്കാര്‍ ഒറ്റയായും തെറ്റയായും നിയമപോരാട്ടങ്ങള്‍ നടത്തി തുടര്‍ച്ചയായി വിജയിച്ചാല്‍, എയര്‍ ഇന്ത്യയുടെ മൂക്കിനു കയറിടാന്‍ കഴിയുമെന്നു തന്നെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നമ്മെ ഉണര്‍ത്തുന്നത്. ഉപഭോക്തൃ കോടതിയിലെ വിധി പരാതിക്കാരന് അനുകൂലമാകുന്നതോടൊപ്പം തന്നെ, പരാതിക്കാധാരമായ സംഭവം ആവര്‍ത്തിക്കാതിരിക്കാനും കോടതി വിധികള്‍ കാരണമാകും. ആവര്‍ത്തിക്കുന്തോറും ശിക്ഷയുടെ തോത് കൂട്ടുന്ന കോടതി വിധികള്‍, തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിക്കുമെന്ന വാദം വെറുതെ ഉന്നയിക്കുന്നതല്ല. താഴെപ്പറയുന്ന ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ ഈ വാദത്തെ സാധൂകരിക്കും.

ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലെക്കുള്ള എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസില്‍ യാത്ര ചെയ്ത ഒരു കുടുംബം, ഡല്‍ഹി കണ്‍സ്യൂമര്‍ ഫോറത്തില്‍ ഫയല്‍ ചെയ്ത ഒരു പരാതിയില്‍, യാത്രക്കാരനായിരുന്ന പരാതിക്കാരന് ഒരു ലക്ഷം രൂപ (Rs 1 lakh) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവുണ്ടായത് 2012 തുടക്കത്തിലെ വലിയ വാര്‍ത്തകളിലൊന്നായിരുന്നു. പരാതിക്കാരന് തെറ്റായ ബോര്‍ഡിംഗ് പാസ്‌ നല്‍കിയും, വിമാന സമയം 45 മിനിറ്റ് വൈകിയത് കാരണം യാത്രക്കാരന് ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തു എന്ന പരാതിയിലായിരുന്നു ഈ പിഴ! കൂടാതെ, കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ലഗേജ് കിട്ടിയില്ലെന്നും, അവിടത്തെ ഗ്രൌണ്ട് സ്റ്റാഫിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ മോശമായി പെരുമാരിയതായും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. വിധിന്യായം ഇങ്ങനെയായിരുന്നു: "Compensation of Rupees 1 lakh in favour of the complainant for the hassles he has gone through while dealing with Air India." ആഭ്യന്തര യാത്രയില്‍ യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് ഈ പിഴ ലഭിക്കുമെങ്കില്‍, അന്താരാഷ്‌ട്ര യാത്രക്കാരായ ഗള്‍ഫ്‌ പ്രവാസികള്‍ക്ക് ലഭിക്കാവുന്ന പരിരക്ഷ തീര്‍ച്ചയായും എയര്‍ ഇന്ത്യയുടെ 'മുഖത്തടി' തന്നെയായിരിക്കും.
2011 മെയ്‌ മാസത്തില്‍ എയര്‍ ഇന്ത്യയുടെ ഇ-ടിക്കറ്റ്‌ എടുത്ത യാത്രക്കാരന്‍, വിമാനത്താവളത്തിലെത്തി റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍, ആ ഫ്ലൈറ്റില്‍ സീറ്റ്‌ ഫുള്‍ ആണ്! നാല് മണിക്കൂറിനു ശേഷമുള്ള മറ്റൊരു ഫ്ലൈറ്റില്‍ യാത്രക്കാരന് സീറ്റ്‌ അനുവദിച്ചു കയറ്റി വിട്ടെങ്കിലും, യാത്ര നാല് മണിക്കൂര്‍ വൈകിയത് കൊണ്ട്, നഷ്ട്ടമുണ്ടായെന്നു കാണിച്ചു അദ്ദേഹം കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പരാതി ഫയല്‍ ചെയ്തു. കോടതി നോട്ടീസിനു എയര്‍ ഇന്ത്യയുടെ മറുപടി, ഇ-ടിക്കറ്റില്‍ 'ടൈം ഓഫ് അറൈവല്‍' എഴുതിയിരുന്നു എന്നും, ആ സമയം കഴിഞ്ഞും യാത്രക്കാരന്‍ എത്താത്തത് കാരണം 'നോ ഷോ പാസഞ്ചര്‍' ആയി കണക്കാക്കി മറ്റൊരാള്‍ക്ക് ടിക്കറ്റ്‌ ഇഷ്യൂ ചെയ്തെന്നുമായിരുന്നു. പക്ഷെ, റിപ്പോര്‍ട്ടിംഗ് സമയത്തിനകം യാത്രക്കാരന്‍ എത്തിയില്ലെങ്കില്‍ ടിക്കറ്റ്‌ മറ്റൊരാള്‍ക്ക് കൊടുക്കുമെന്ന കാര്യം യാത്രക്കാരനെ അറിയിച്ചിരുന്നില്ലെന്നും, അത് കൊണ്ട് യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് നഷ്ട്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍മെന്നുമാണ് വിധിയുണ്ടായത്. മാത്രമല്ല, മേലില്‍ ഇത് ആവര്‍ത്തിക്കാതെ നോക്കണമെന്നും നിരന്തരം പരാതികള്‍ വരുന്ന സാഹചര്യത്തില്‍, ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ 2 ലക്ഷം രൂപ കെട്ടിവെക്കണമെന്നും ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ വിമാന യാത്രക്കാര്‍ നിരന്തരം നിയമപോരാട്ടങ്ങള്‍ നടത്തി എയര്‍ ഇന്ത്യയുടെ ധിക്കാരത്തിനെതിരെ ശബ്ദിച്ചു വിജയിക്കുമ്പോള്‍, നമ്മുടെ ശബ്ദം കേവലം വികാരപ്രകടനങ്ങളില്‍ ഒതുങ്ങുന്നു, അതാവട്ടെ നമ്മെ തന്നെ തിരിഞ്ഞു കൊത്തുന്ന സ്ഥിതിയിലും എത്തുന്നു!
എയര്‍ ഇന്ത്യയുടെ പ്രവാസികളോടുള്ള കൊലവിളിക്കെതിരെ നിയമപരമായി ശബ്ദിക്കാന്‍ യാതൊരു നിയമ പരിജ്ഞാനവും ആവശ്യമില്ല എന്നതാണ് വസ്തുത. കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി കൊടുക്കാനും, നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത് വരെ വാദിക്കാനും പൊതുവിജ്ഞാനമുള്ള ആര്‍ക്കും എളുപ്പത്തില്‍ സാധിക്കാവുന്നതേയുള്ളൂ.
എയര്‍ ഇന്ത്യയുടെ ക്രൂരതക്കെതിരെ ശക്തിയുക്തം പോരാടാന്‍ കണ്‍സ്യൂമര്‍ കോര്‍ട്ട് വിധികള്‍ നമുക്ക് പ്രചോദനമാവട്ടെ. എയര്‍ ഇന്ത്യക്ക് നേര്‍വഴി കാട്ടാനും ആ വിധികള്‍ ഉപകരിക്കട്ടെ എന്നും നമുക്കാശിക്കാം. ആ വഴിക്കാവട്ടെ ഇനി നമ്മുടെ ചര്‍ച്ചകളും പ്രവര്‍ത്തികളും...