എന്‍റെ ബ്ലോഗ്‌

വഴിയമ്പലത്തില്‍ വഴി തെറ്റി വന്നു, ഞാനൊരു വാനമ്പാടി...

11 November, 2012

സമര ചരിത്രത്തിലെ സൂര്യ തേജസ്‌


ഇറോം ഷര്‍മിള ചാനു. മണിപ്പൂരിന്‍റെ ഉരുക്കു വനിതയാണവള്‍.. പത്രപ്രവര്‍ത്തകയും കവയിത്രിയുമായിരുന്ന ഇറോം എങ്ങനെ മണിപ്പൂരിന്‍റെ ഉരുക്കു വനിതയായി? അതൊരു കഥയല്ല, കരളലിയിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണത്. ജീവിതത്തിന്‍റെ ഏറ്റവും നല്ല നാളുകളാവേണ്ട 12 വര്‍ഷങ്ങളാണ് അവര്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് സമരം ചെയ്തത്! ഇത്രകാലം നിരാഹാര സമരമിരുന്ന മറ്റൊരാള്‍ ഭൂലോകത്തില്ല എന്നറിയുമ്പോഴാണ് ഇറോം ഷര്‍മിള ചാനുയെന്ന സമര ചരിത്രത്തിലെ സൂര്യ തേജസിന്‍റെ നിശ്ചയദാര്ഢ്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌. തന്‍റെ ഇരുപത്തിയെട്ടാം വയസ്സില്‍ നിരാഹാര സമരത്തിനിറങ്ങാനുള്ള കാരണം കൂടി അറിയുമ്പോഴാണ് ആ വ്യക്തിത്വത്തിന്‍റെ മഹത്വം നമ്മള്‍ തിരിച്ചറിയുന്നത്‌.

1972 മാര്‍ച്ച്‌ 14നു ഇറോം നന്ദ സിങ്ങിന്‍റെയും ശാഖി ദേവിയുടെയും ഒമ്പതാമത്തെ കുട്ടിയായി മണിപ്പൂര്‍  ഇംഫാലിലെ പെറോംപഠിലാണ് ഇറോം ഷര്‍മിള ചാനു ജനിച്ചത്. ഇറോമിനെ പ്രസവിക്കുമ്പോള്‍ അമ്മയുടെ പ്രായം 44 വയസ്സായിരുന്നു! മുലപ്പാലിന്‍റെ കുറവ് കാരണം, നാട്ടിലെ മറ്റുള്ള അമ്മമാരുടെ മുലപ്പാല്‍ കുടിച്ചും പശുവിന്‍പാല്‍ കുടിച്ചുമാണ് കൊച്ചു ഷര്‍മിള പിച്ചവെച്ചത്. സ്നേഹനിധിയായ അമ്മയുടെ കയ്യില്‍ നിന്നും കഞ്ഞിയും, മീനും, പച്ചക്കറിയും കഴിച്ച് വളര്‍ന്ന ഇറോം ചെറിയ പ്രായത്തില്‍ തന്നെ വളരെ വലിയ പക്വതയും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു. മൃഗ സ്നേഹിയും ദീര്‍ഘമായി ചിന്തിക്കുന്നവളുമായിരുന്നു. അന്ന് തൊട്ടേ, വരകളും കവിതകളും ഇതള്‍ വിരിഞ്ഞു തുടങ്ങിയിരുന്നു. പല സാമൂഹ്യ സേവന പരിപാടികളിലും തന്‍റെ സൈക്കിളുമായി ചെന്ന് അവള്‍ പങ്കെടുക്കുമായിരുന്നു.

ജീവിതം ഇങ്ങനെ നീങ്ങവേ, ഇറോമിന് 17 വയസ്സുള്ളപ്പോള്‍ ഗവണ്മെന്‍റ് മൃഗ സംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ നന്ദ സിംഗ് രക്താര്‍ബുതം മൂലം മരണപ്പെട്ടു. പ്ലസ്‌ 2 വിദ്യാഭ്യാസത്തിനു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇറോം ഷര്‍മിള ജേര്‍ണലിസം കോഴ്സിനു ചേര്‍ന്നു. ലേഖനങ്ങളും കവിതകളും പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സന്നദ്ധ സാമൂഹ്യ സേവനങ്ങളില്‍ കൂടുതല്‍ തല്‍പരതയോടെ പങ്കു കൊണ്ടു. അന്ധ വിദ്യാലയത്തിലും യൂണിവേഴ്സല്‍ യൂത്ത് ഡെവലപ്മെന്‍റ് കൌണ്‍സിലിലും ഭാഗഭാക്കായി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി സെമിനാറുകളില്‍ പങ്കെടുത്തു. ഇതിനിടയിലാണ് 1998 ല്‍ പ്രകൃതി ചികിത്സയും യോഗയും പഠിച്ചത്.

1999ല്‍ ചെറുപ്പക്കാരായ കുറച്ചു വക്കീലന്മാര്‍ ചേര്‍ന്ന്, AFSPA (Armed Forces Special Powers Act) മണിപ്പൂരിലെ ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അന്യേഷിക്കണമെന്ന ആവശ്യവുമായി ഹ്യൂമന്‍ റൈറ്റ്സ് അലേര്‍ട്ട് എന്ന സംഘടന രൂപീകരിച്ചു. Armed Forces Special Powers Act (സായുധ സേനാ പ്രത്യേകാധികാര നിയമം) പ്രകാരം, സംശയമുള്ള ആരെയും എപ്പോള്‍ വേണമെങ്കിലും വാറന്‍റ് ഇല്ലാതെ അറസ്റ്റ് ചെയ്യുകയും, സംശയാസ്പദ സാഹചര്യത്തില്‍ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്യാവുന്നതാണ്.  രാജ്യ സുരക്ഷയ്ക്ക് വേണ്ടി നല്‍കപ്പെട്ട ഇത്തരം അമിതാധികാരങ്ങള്‍,  പട്ടാളക്കാര്‍ ദുരുപയോഗം ചെയ്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് സംഘടനയുടെ പിറവി. സംഘടനാ രൂപീകരണത്തോടനുബന്ധിച്ച് വോളണ്ടിയര്‍ ആകാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചു, ഇറോം ഷര്‍മിളയും വോളണ്ടിയര്‍മാരില്‍ ഒരാളായി. ട്രെയിനിങ്ങിന്‍റെ ഭാഗമായി സാധാരണക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഈ ഉദ്യമത്തില്‍ സഹകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. ഇതില്‍ പലരും, ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ മനുഷ്യാവകാശ ലംഘനത്തിന്‍റെ ഇരകളായിരുന്നു! പലരുടെയും കുടുംബക്കാര്‍ അറസ്റ്റിലായിരുന്നു, കാണാതായവരുണ്ടായിരുന്നു, വളരെ ദുരൂഹമായി കൊല്ലപ്പെട്ടവരുമുണ്ടായിരുന്നു. ഇതൊക്കെ കണ്ട ഷര്‍മിള കൂടുതല്‍ ഊര്‍ജ്ജത്തോടെ സംഘടനക്കു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിനിടയിലാണ്, 2000 ഒക്ടോബറില്‍, ഒരു മാസത്തോളം നീണ്ടു നിന്ന AFSPA ഇരകളുടെ ജനസമ്പര്‍ക്ക ക്യാമ്പ് സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. ഈ ക്യാമ്പിന്‍റെ മുന്‍പന്തിയില്‍ തന്നെ ഇറോം ഷര്‍മിള ഉണ്ടായിരുന്നു. സ്വതന്ത്ര അന്യേഷണക്കമ്മീഷന്‍ അംഗങ്ങളായ റിട്ടയേര്‍ഡ്‌ ബോംബെ ഹൈക്കോടതി ജഡ്ജ് സുരേഷ്, സുപ്രീം കോടതി വക്കീലും ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ് വര്‍ക്കിന്‍റെ (HRLN) ഡയറക്ടറുമായ കോളിന്‍ ഗോന്‍സാല്‍വെസ്, HRLNന്‍റെ തന്നെ സീനിയര്‍ വക്കീലായ പ്രീതി വര്‍മ്മ എന്നിവര്‍ ഒക്ടോബര്‍ 21 മുതല്‍ 26 വരെ ക്യാമ്പ്‌ സന്ദര്‍ശിച്ച് മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനത്തിന് ഇരകളായവരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. ഇറോമിന്‍റെ മനസ്സിനെ  വല്ലാതെ സ്വാധീനിച്ച ഒരു സംഭവമായിരുന്നു ഈ ക്യാമ്പ്‌.

ക്യാമ്പ്‌ കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് 'മാലോം കൂട്ടക്കൊല' നടക്കുന്നത്. 2000 നവംബര്‍ 2നു, ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ ഇംഫാലിലെ തുലിഹാല്‍ എയര്‍പോര്‍ട്ടിനു സമീപത്തുള്ള ഒരു ബസ്‌ സ്റ്റോപ്പില്‍ വെച്ച് 10 സാധാരണക്കാരെ വെടിവെച്ചു കൊന്നതാണ് 'മാലോം കൂട്ടക്കൊല' എന്ന പേരില്‍ അറിയപ്പെടുന്നത്. കൊല്ലപ്പെട്ടവരില്‍ 62കാരിയായ ലെയ്സംഗം ഇട്ടോംബിയും, 18കാരനായ സിനാം ചന്ദ്രമണി എന്ന 1988ലെ  ഭാരത സര്‍ക്കാരിന്‍റെ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ നേടിയ കുട്ടിയും ഉള്‍പ്പെട്ടിരുന്നു! വൈകുന്നേരം 3 മണിയോടടുത്ത് സിനാം ചന്ദ്രമണിയും കൂട്ടുകാരനും ട്യൂഷന് പോകാന്‍ വേണ്ടി ബസ്‌ കാത്ത് നില്‍ക്കുകയായിരുന്നു. ആ ഭാഗത്ത് ഒരു സ്ഫോടനം നടന്നതറിഞ്ഞ് ആസാം റൈഫിള്‍സിലെ അര്‍ദ്ധസൈനികരുടെ എട്ടാം ബറ്റാലിയന്‍ അങ്ങോട്ട്‌ പുറപ്പെട്ടതായിരുന്നു. വഴിയില്‍ വെച്ച് തങ്ങളെ ആക്രമിച്ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിന്‍റെ ഇടയില്‍പ്പെട്ടാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് ആസാം റൈഫിള്‍സിന്‍റെ വാദം, ഇത് അംഗീകരിക്കാന്‍ ദൃക്സാക്ഷികള്‍ തയ്യാറല്ലെങ്കിലും. സിനാം ചന്ദ്രമണിയുടെ ജ്യേഷ്ഠന്‍ കോളേജ് ടീച്ചര്‍ ആയിരുന്ന 28കാരനായ സിനാം റോബിന്‍സണും, അമ്മയുടെ സഹോദരിയും കൊല്ലപ്പെട്ടവരില്‍ പെടും. 1987ല്‍ തന്‍റെ അഞ്ചാം വയസ്സില്‍ ഒരു വയസ്സുള്ള കുട്ടിയെ ഒഴുക്കില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെടുത്തിയതിനാണ്, സിനാം ചന്ദ്രമണിക്ക് 1988ലെ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്. ചന്ദ്രമണിയുടെ അമ്മ ചന്ദ്രാജിനിക്ക് നഷ്ട്ടപ്പെട്ടത് തന്‍റെ 2 മക്കളെയും ഒരു സഹോദരിയെയുമാണ്! വിവാദമായ ഈ മാലോം കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരില്‍ 2 ഗവണ്മെന്‍റ് ഉദ്യോഗസ്ഥരും ഒരു കുട്ടിയും ഉള്‍പ്പെട്ടിരുന്നു.
കൊല്ലപ്പെട്ട സിനാം സഹോദരങ്ങളുടെ
ഫോട്ടോയുമായി അമ്മ ചന്ദ്രാജിനി
അടുത്ത ദിവസങ്ങളില്‍ സ്ഥലം സന്ദര്‍ശിച്ച ഹ്യൂമന്‍ റൈറ്റ്സ് അലേര്‍ട്ട് സംഘാംഗങ്ങളില്‍ ഇറോം ഷര്‍മിളയുമുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ പൊരുതാനുറച്ച മനസ്സുമായാണ് ഇറോം ഷര്‍മിള ചാനുവെന്ന ആ പെണ്‍കൊടി അവിടെ നിന്നുമിറങ്ങിയത്. പിറ്റേ ദിവസം, സമരത്തിനു മുമ്പുള്ള തന്‍റെ അവസാന അത്താഴം അമ്മയില്‍ നിന്നും ഏറ്റു വാങ്ങി, അമ്മയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. ഇറോം അമ്മയോട് പറഞ്ഞു, "രാജ്യത്തിനായി ചിലത് ചെയ്യാനാണ് ഞാന്‍ പോകുന്നത്". ഒരിക്കല്‍ ഷര്‍മിള പറഞ്ഞു, "നിരക്ഷരയാണ്‌ എന്‍റെ അമ്മയെങ്കിലും, അവരാണ് എന്‍റെ ധൈര്യം, അവരാണ് എന്‍റെ പ്രചോദനം. എന്‍റെ ദൌത്യം പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമേ ഇനി ഞങ്ങള്‍ പരസ്പരം കാണുകയുള്ളൂവെന്നു ഞങ്ങള്‍ തമ്മില്‍ ഒരു അലിഖിത ഉടമ്പടിയുണ്ട്." മറ്റൊരിക്കല്‍ ഷര്‍മിള പറഞ്ഞത് ഇങ്ങനെയായിരുന്നു, "എപ്പോള്‍ AFSPA പിന്‍‌വലിക്കുന്നുവോ, അപ്പോള്‍ മുതല്‍ ഞാന്‍ ഭക്ഷിക്കും, ഞാന്‍ സാധാരണ പെണ്‍കുട്ടിയായി ജീവിക്കും, കല്യാണം കഴിക്കും, കുട്ടികളെ വളര്‍ത്തും. എന്‍റെ അമ്മയുടെ കയ്യില്‍ നിന്ന് കഞ്ഞി കുടിച്ചു കൊണ്ടായിരിക്കും ഞാന്‍ നിരാഹാരം അവസാനിപ്പിക്കുക."

2000 നവംബര്‍ 4നു തുടങ്ങിയ നിരാഹാര സമരമെന്ന നിശബ്ദ വിപ്ലവം ഇന്നും തുടരുകയാണ് മണിപ്പൂരിന്‍റെ ഉരുക്കു വനിതയായ ഇറോം ഷര്‍മിള ചാനു! നിരാഹാര സമരം ഒരു വ്യാഴവട്ടമെന്ന കാലഘട്ടം പിന്നിടുമ്പോഴും, ഗ്രേയ്റ്റര്‍ ഇംഫാലിലെ ഏതാനും മണ്ഡലങ്ങളില്‍ ഈ നിയമം പിന്‍വലിച്ചു എന്നല്ലാതെ, മണിപ്പൂരിലെ സ്ഥിതിക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല, ഇറോം ഷര്‍മിള ചാനുവിന്‍റെ മനക്കരുത്തിനും. മണിപ്പൂരില്‍ AFSPA ഇന്നും തുടരുന്നു. നിരാഹാര സമരം തുടങ്ങി മൂന്നാം നാള്‍ പോലീസ് അവരെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ ശ്രമത്തിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 309 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ തടവാണ് ശിക്ഷ. അതിന്‍പ്രകാരം ഓരോ വര്‍ഷവും 'വിട്ടയക്കല്‍, വീണ്ടും അറസ്റ്റ് ചെയ്യല്‍' എന്ന പ്രക്രിയ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഭക്ഷണമോ വെള്ളമോ കുടിക്കാന്‍ കൂട്ടാക്കാത്ത ഷര്‍മിളയ്ക്ക്, ദിവസം 2 നേരം ദ്രവരൂപത്തിലുള്ള ഭക്ഷണം കുഴല്‍ വഴി മൂക്കിലൂടെ നല്‍കിയാണ്‌ ജീവന്‍ നിലനിര്‍ത്തുന്നത്. ഇതിനിടയില്‍ 2006 ഒക്ടോബര്‍ രണ്ടാം തീയതി ഗാന്ധി ജയന്തി പ്രമാണിച്ച് ഷര്‍മിളയെ മോചിപ്പിച്ചു. മോചനം ഷര്‍മിളയുടെ മനം മാറ്റുമെന്നായിരുന്നു സര്‍ക്കാറിന്‍റെ പ്രതീക്ഷ. എന്നാല്‍ ഇറോമിന്‍റെ സമരാഗ്നി കൂടുതല്‍ ജ്വലിക്കുകയാണ് ചെയ്തത്! ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രത്തിലെ ജന്തര്‍ മന്ദിറിലെത്തി അവര്‍ നിരാഹാര സമരം തുടരുകയായിരുന്നു. AFSPA പൂര്‍ണ്ണമായും പിന്‍വലിക്കുന്നത് വരെ താന്‍ ഒരിഞ്ചു പിന്നോട്ട് പോവില്ലെന്ന് പ്രഖ്യാപിച്ചു. ഗത്യന്തരമില്ലാതെ ആത്മഹത്യാ ശ്രമം എന്ന കുറ്റം ചുമത്തി സര്‍ക്കാരിന് അവരെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടി വന്നു!

ഇക്കഴിഞ്ഞ മെയ്‌ 31നു ഇറോം ഷര്‍മിള തന്‍റെ അമ്മയെ കണ്ടു, 11 വര്‍ഷങ്ങള്‍ക്കു ശേഷം. അമ്മ ചന്ദ്രാജിനിയുടെ കണ്ണ് ഓപറേഷന്‍ ചെയ്യാന്‍ വേണ്ടി കൊണ്ട് വന്നത് പെറോംപഠിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആയിരുന്നു. ഇതേ ഹോസ്പിറ്റലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇറോം. ഐ സര്‍ജിക്കല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ പ്രത്യേക അനുമതിയോടെ അങ്ങോട്ട് ചെന്ന് കാണുകയായിരുന്നു.

ഇറോം ഷര്‍മിള ചാനു എന്ന നിശബ്ദ വിപ്ലവത്തിന്‍റെ ധീര നായികയുടെ ജീവിതം ഹോസ്പിറ്റലും കോടതിയുമായി കഴിയുകയാണ്. ഓരോ 15 ദിവസം കൂടുമ്പോഴും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടി വാങ്ങുകയാണ്.

നിലവില്‍, AFSPA  പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ മണിപ്പൂരിലെ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സുരേഷ് സിംഗ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ച്, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും മണിപ്പൂര്‍ സര്‍ക്കാരിന്‍റെയും പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. വാദം കേള്‍ക്കല്‍ ഈ മാസം 24നാണ്.

എന്തൊക്കെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നാലും, ഈ കരിനിയമം പൂര്‍ണ്ണമായും പിന്‍വലിക്കുന്നത് വരെ നിരാഹാര സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് തന്നെയാണ് ഇറോം ഷര്‍മിള ചാനുവെന്ന പെണ്‍പുലിയുടെ നിശ്ചയം. ഒരു നാള്‍, താന്‍ കണ്ട സ്വപ്നം പുലരുമെന്ന ആത്മ വിശ്വാസത്തോടെ അവര്‍ തുടരുകയാണ്, തന്‍റെ കസ്റ്റഡി ജീവിതം... 

നിയമവും, ക്രമസമാധാനവും, അഖണ്ഡതയും, രാജ്യരക്ഷയും നോക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെങ്കിലും, ആ രാജ്യത്തെ ജനങ്ങളുടെ നന്മയും രക്ഷയും ഐശ്വര്യവും തന്നെയാവണം അതിന്‍റെയൊക്കെ അടിസ്ഥാനം. ആ നിലയില്‍ ചങ്കുറപ്പുള്ള ഈ ഒറ്റയാള്‍ പോരാളിയുടെ സമരത്തിനു നേരെ മുഖം തിരിച്ചിരിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ഭാരത പൌരനെന്ന നിലയില്‍, നമ്മുടെ സഹോദരിയുടെ ഉള്‍ക്കരുത്തിനെക്കുറിച്ചോര്‍ത്ത്  നമുക്ക് അഭിമാനിക്കാം, മാത്രമല്ല, ഈ വിഷയത്തില്‍ പൌര നന്മയിലധിഷ്ട്ടിധമായ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനാവട്ടെ എന്നും ആശിക്കാം.

23 October, 2012

എയര്‍ ഇന്ത്യയും ഇന്ത്യാക്കാരും


കഴിഞ്ഞയാഴ്ച്ച നാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഗള്‍ഫ്‌ പ്രവാസികളോടുള്ള എയര്‍ ഇന്ത്യയുടെ ക്രൂരതയുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകള്‍.. എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്‍റെ അബുദാബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കുകയും അവിടെ നിന്നും റോഡ്‌ മാര്‍ഗ്ഗം കൊച്ചിയിലെത്തിക്കാമെന്നുമുള്ള അധികൃതരുടെ വാഗ്ദാനവും അതിനെതിരെ പ്രതികരിച്ച യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവവും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് എയര്‍ ഇന്ത്യയുടെ തന്നെ ബഹറിന്‍--കരിപ്പൂര്‍ വിമാനവും യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചു കൊണ്ട് നാട്ടില്‍ ലാന്‍ഡ്‌ ചെയ്തത്.
യാത്രക്കാരുടെ 'സമയോചിത' ഇടപെടല്‍ കാരണം, ഉദ്ദേശിച്ച എയര്‍പോര്‍ട്ടില്‍ തന്നെ ഇറങ്ങാന്‍ വൈകിയാണെങ്കിലും യാത്രക്കാര്‍ക്ക് കഴിഞ്ഞു എന്ന് ആശ്വസിക്കാമെങ്കിലും, യഥാര്‍ത്തത്തില്‍ യാത്രക്കാരുടെ പ്രതിഷേധവും പ്രതികരണവും വലിയൊരു നിയമക്കുരുക്കിലേക്കാണ് അവരെ നയിച്ചതെന്ന് കാണാന്‍ കഴിയും. തീര്‍ച്ചയായും എയര്‍ ഇന്ത്യയുടെ ഈ ക്രൂരതകള്‍ക്കെതിരെ യാത്രക്കാര്‍ പ്രതികരിക്കേണ്ടിയിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, പ്രതികരിച്ച രീതി ശരിയായിരുന്നോ എന്ന് നാം ഓരോരുത്തരും വിലയിരുത്തേണ്ടിയിരിക്കുന്നു.
ഇടത്തരക്കാരും പാവങ്ങളുമായ ഗള്‍ഫ്‌ പ്രവാസികളായ പൌരന്മാരോടുള്ള ദേശീയ വിമാനക്കമ്പനിയുടെ ക്രൂരത അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും, പ്രതിഷേധങ്ങളും, പ്രതികരണങ്ങളും തുടങ്ങിയിട്ട് കാലമേറെയായി. എന്നിട്ടും, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്തു കൊണ്ടാണ് നമ്മുടെ പ്രതിഷേധങ്ങള്‍ക്ക് ഫലം കിട്ടാതിരിക്കുന്നത്? ഈയൊരു ചോദ്യത്തിന് നമ്മളില്‍ പലര്‍ക്കും കുറെ ഉത്തരങ്ങള്‍ നിരത്താനുണ്ടാകും.
വിമാനത്തിനകത്തിരുന്നു പ്രതിഷേധിച്ചു, ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി, ഒരു ന്യൂനപക്ഷമെങ്കിലും എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിച്ച് മറ്റു വിമാനക്കമ്പനികളില്‍ യാത്ര ചെയ്തു. പക്ഷെ ഇത്തരം പ്രതികരണങ്ങളൊക്കെ കഴുതക്കാമം പോലെ നിസ്സാരമായി അവഗണിച്ചു മുന്നോട്ടു പോകുകയാണ് എയര്‍ ഇന്ത്യ. ഇവിടെയാണ്‌, യാത്രക്കാരനായ ഉപഭോക്താവിനെ ക്രൂശിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ നിയമപരമായ വഴികള്‍ തേടാന്‍ പ്രവാസികള്‍ മുന്നോട്ടു വരേണ്ടതിന്‍റെ ആവശ്യകതയ്ക്ക് പ്രസക്തിയേറുന്നത്.
യാത്രക്കാര്‍ ഒറ്റയായും തെറ്റയായും നിയമപോരാട്ടങ്ങള്‍ നടത്തി തുടര്‍ച്ചയായി വിജയിച്ചാല്‍, എയര്‍ ഇന്ത്യയുടെ മൂക്കിനു കയറിടാന്‍ കഴിയുമെന്നു തന്നെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നമ്മെ ഉണര്‍ത്തുന്നത്. ഉപഭോക്തൃ കോടതിയിലെ വിധി പരാതിക്കാരന് അനുകൂലമാകുന്നതോടൊപ്പം തന്നെ, പരാതിക്കാധാരമായ സംഭവം ആവര്‍ത്തിക്കാതിരിക്കാനും കോടതി വിധികള്‍ കാരണമാകും. ആവര്‍ത്തിക്കുന്തോറും ശിക്ഷയുടെ തോത് കൂട്ടുന്ന കോടതി വിധികള്‍, തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിക്കുമെന്ന വാദം വെറുതെ ഉന്നയിക്കുന്നതല്ല. താഴെപ്പറയുന്ന ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ ഈ വാദത്തെ സാധൂകരിക്കും.

ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലെക്കുള്ള എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസില്‍ യാത്ര ചെയ്ത ഒരു കുടുംബം, ഡല്‍ഹി കണ്‍സ്യൂമര്‍ ഫോറത്തില്‍ ഫയല്‍ ചെയ്ത ഒരു പരാതിയില്‍, യാത്രക്കാരനായിരുന്ന പരാതിക്കാരന് ഒരു ലക്ഷം രൂപ (Rs 1 lakh) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവുണ്ടായത് 2012 തുടക്കത്തിലെ വലിയ വാര്‍ത്തകളിലൊന്നായിരുന്നു. പരാതിക്കാരന് തെറ്റായ ബോര്‍ഡിംഗ് പാസ്‌ നല്‍കിയും, വിമാന സമയം 45 മിനിറ്റ് വൈകിയത് കാരണം യാത്രക്കാരന് ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തു എന്ന പരാതിയിലായിരുന്നു ഈ പിഴ! കൂടാതെ, കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ലഗേജ് കിട്ടിയില്ലെന്നും, അവിടത്തെ ഗ്രൌണ്ട് സ്റ്റാഫിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ മോശമായി പെരുമാരിയതായും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. വിധിന്യായം ഇങ്ങനെയായിരുന്നു: "Compensation of Rupees 1 lakh in favour of the complainant for the hassles he has gone through while dealing with Air India." ആഭ്യന്തര യാത്രയില്‍ യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് ഈ പിഴ ലഭിക്കുമെങ്കില്‍, അന്താരാഷ്‌ട്ര യാത്രക്കാരായ ഗള്‍ഫ്‌ പ്രവാസികള്‍ക്ക് ലഭിക്കാവുന്ന പരിരക്ഷ തീര്‍ച്ചയായും എയര്‍ ഇന്ത്യയുടെ 'മുഖത്തടി' തന്നെയായിരിക്കും.
2011 മെയ്‌ മാസത്തില്‍ എയര്‍ ഇന്ത്യയുടെ ഇ-ടിക്കറ്റ്‌ എടുത്ത യാത്രക്കാരന്‍, വിമാനത്താവളത്തിലെത്തി റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍, ആ ഫ്ലൈറ്റില്‍ സീറ്റ്‌ ഫുള്‍ ആണ്! നാല് മണിക്കൂറിനു ശേഷമുള്ള മറ്റൊരു ഫ്ലൈറ്റില്‍ യാത്രക്കാരന് സീറ്റ്‌ അനുവദിച്ചു കയറ്റി വിട്ടെങ്കിലും, യാത്ര നാല് മണിക്കൂര്‍ വൈകിയത് കൊണ്ട്, നഷ്ട്ടമുണ്ടായെന്നു കാണിച്ചു അദ്ദേഹം കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പരാതി ഫയല്‍ ചെയ്തു. കോടതി നോട്ടീസിനു എയര്‍ ഇന്ത്യയുടെ മറുപടി, ഇ-ടിക്കറ്റില്‍ 'ടൈം ഓഫ് അറൈവല്‍' എഴുതിയിരുന്നു എന്നും, ആ സമയം കഴിഞ്ഞും യാത്രക്കാരന്‍ എത്താത്തത് കാരണം 'നോ ഷോ പാസഞ്ചര്‍' ആയി കണക്കാക്കി മറ്റൊരാള്‍ക്ക് ടിക്കറ്റ്‌ ഇഷ്യൂ ചെയ്തെന്നുമായിരുന്നു. പക്ഷെ, റിപ്പോര്‍ട്ടിംഗ് സമയത്തിനകം യാത്രക്കാരന്‍ എത്തിയില്ലെങ്കില്‍ ടിക്കറ്റ്‌ മറ്റൊരാള്‍ക്ക് കൊടുക്കുമെന്ന കാര്യം യാത്രക്കാരനെ അറിയിച്ചിരുന്നില്ലെന്നും, അത് കൊണ്ട് യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് നഷ്ട്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍മെന്നുമാണ് വിധിയുണ്ടായത്. മാത്രമല്ല, മേലില്‍ ഇത് ആവര്‍ത്തിക്കാതെ നോക്കണമെന്നും നിരന്തരം പരാതികള്‍ വരുന്ന സാഹചര്യത്തില്‍, ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ 2 ലക്ഷം രൂപ കെട്ടിവെക്കണമെന്നും ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ വിമാന യാത്രക്കാര്‍ നിരന്തരം നിയമപോരാട്ടങ്ങള്‍ നടത്തി എയര്‍ ഇന്ത്യയുടെ ധിക്കാരത്തിനെതിരെ ശബ്ദിച്ചു വിജയിക്കുമ്പോള്‍, നമ്മുടെ ശബ്ദം കേവലം വികാരപ്രകടനങ്ങളില്‍ ഒതുങ്ങുന്നു, അതാവട്ടെ നമ്മെ തന്നെ തിരിഞ്ഞു കൊത്തുന്ന സ്ഥിതിയിലും എത്തുന്നു!
എയര്‍ ഇന്ത്യയുടെ പ്രവാസികളോടുള്ള കൊലവിളിക്കെതിരെ നിയമപരമായി ശബ്ദിക്കാന്‍ യാതൊരു നിയമ പരിജ്ഞാനവും ആവശ്യമില്ല എന്നതാണ് വസ്തുത. കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി കൊടുക്കാനും, നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത് വരെ വാദിക്കാനും പൊതുവിജ്ഞാനമുള്ള ആര്‍ക്കും എളുപ്പത്തില്‍ സാധിക്കാവുന്നതേയുള്ളൂ.
എയര്‍ ഇന്ത്യയുടെ ക്രൂരതക്കെതിരെ ശക്തിയുക്തം പോരാടാന്‍ കണ്‍സ്യൂമര്‍ കോര്‍ട്ട് വിധികള്‍ നമുക്ക് പ്രചോദനമാവട്ടെ. എയര്‍ ഇന്ത്യക്ക് നേര്‍വഴി കാട്ടാനും ആ വിധികള്‍ ഉപകരിക്കട്ടെ എന്നും നമുക്കാശിക്കാം. ആ വഴിക്കാവട്ടെ ഇനി നമ്മുടെ ചര്‍ച്ചകളും പ്രവര്‍ത്തികളും...